Monday, November 7, 2011

കേരളസാഹിത്യ അക്കാദമി സാഹിത്യ ശില്പശാല

നാലു ദിവസത്തെ ബഹറിന്‍ കേരളീയ സമാജവും കേരളസാഹിത്യ അക്കാദമിയും നേതൃത്വം നല്‍കിയ രണ്ടാമതു സാഹിത്യക്യാമ്പിനു പരിസമാപ്തി. എഴുതുന്നവര്‍ മാത്രം പോരാ – സാഹിത്യകാരന്മാര്‍ മാത്രം പോരാ എന്ന തിരിച്ചറിവില്‍ നിന്നാണ് , ഒന്നാം സാഹിത്യക്യാമ്പില്‍ അംഗമാകുവാന്‍ വേണ്ടിയിരുന്ന യോഗ്യതയായ ഏതെങ്കിലുമൊരു സാഹിത്യ സൃഷ്ടിയുമായി – അതും പ്രസീദ്ധീകരിച്ച ഒരു സാഹിത്യസൃഷ്ടിയുമായി വേണം ക്യാമ്പില്‍ അംഗമാകുവാനെന്ന നിബന്ധന ഒഴിവാക്കി, സാഹിത്യാസ്വാദകര്‍ക്കും കൂടി പങ്കെടുക്കുവാന് കഴിയുന്ന തരത്തില്‍ ഈ സാഹിത്യക്യാമ്പ് തുടങ്ങുവാന്‍ തയ്യാറായെന്നതു ശ്ലാഘനീയമാണ്. വെള്ളിയാഴ്ചയുടെ ആലസ്യത്താലാവാം 11 മണിക്ക് ആരംഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂര്‍ വൈകിയാണ് ഉത്ഘാടന ചടങ്ങു തുടങ്ങിയത്.

സമയം വൈകി ആരംഭിച്ചതിനാല്‍ തന്നെ ഭാഷ, സാഹിത്യം, വായന എന്ന ആദ്യ സെഷനും നോവല്‍ , ചെറുകഥ ചരിത്രവും വര്‍ത്തമാനവും എന്ന രണ്ടാം സെഷനും ഒന്നിച്ചാണു തുടങ്ങിയത്. പി. .ടി.തോമസിന്റെ സരസ്വതീ വന്ദനത്തോടെയായിരുന്നു സെഷന്‍ ആരംഭിച്ചത്. സുപ്രസിദ്ധ നിരൂപകന്‍ ശ്രീ ബാലചന്ദ്രന്‍ വടക്കേടത്ത് ആയിരുന്നു ആദ്യ സെഷനില്‍ വിഷയം അവതരിപ്പിച്ചത്. മനസ്സില്‍ കണ്ടെത്തിയ ആശയം / കഥ പറഞ്ഞു കൊടുക്കുവാനുള്ളതാണു ഭാഷയെന്നും എന്നാല്‍ സാഹിത്യ ഭാഷ ഇതില്‍ നിന്നും വ്യത്യസ്തമാണെന്നും ആദ്യത്തേതില്‍ പറച്ചില്‍ മാത്രം മതിയെങ്കില്‍ സമൂഹത്തെ കാണുകയെന്ന കടക കൂടി സാഹിത്യകാരനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ഘടകങ്ങള്‍ ഇവിടെ പ്രസക്തമാവുന്നു. പറച്ചില്‍ കാണല്‍ , അറിയല്‍ .എഴുത്തുകാരനും വായനക്കാരനും കൂടി ഉണ്ടാക്കിയെടുത്ത ഒരു ലിപി വിന്യാസമാണു മലയാള ഭാഷക്കുള്ളതെന്നും, യ, ര, ല, റ്റ, ന എന്നീ അഞ്ചക്ഷരങ്ങളാണു മലയാള ഭാഷക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കവിത ഐറണിയില്‍ നിന്നും നൊസ്റ്റാള്‍ജിയയിലേക്കു മാറിയിരിക്കുന്നുവെന്നും, അധികാരി വര്‍ഗ്ഗം നൊസ്റ്റാള്‍ജിയയെ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തിന് കയറു പിരിക്കുന്നത്ര അദ്ധ്വാനമില്ലെന്നും എന്നാലും ആറു വരി കവിത എഴുതി കഴിയുമ്പോഴേക്കും അയാള്‍ വല്ലാതെ തളര്‍ന്നു പോകുമെന്നും കെ.ആര്‍ .മീര പറഞ്ഞു. തമിഴിന്റെ ഉപഭാഷയാണു മലയാളമെന്നും തമിഴന് സ്വരാക്ഷരം ഉയിരെഴുത്തും വ്യഞ്ജനാക്ഷരം മെയ്യെഴുത്തുമാണെന്നും, എഴുത്ത് തമിഴന് ആയുധമാണെന്നും, ഒരു പൂവിന്റെ വിടരല്‍ പോലെ ഞാനിവിടെയുണ്ടെന്നു സമൂഹത്തോടു വിളിച്ചു പറയലാണു എഴുത്ത് എന്നും മീര പറഞ്ഞു.

ഇന്നത്തെ എഴുത്തുകാരന്‍ വെല്ലുവിളി നേരിടുന്നുവെന്നും ജീവിതത്തിന്റെ സമസ്ത മേഖലകളും ദൃശ്യമാധ്യമങ്ങള്‍ നമ്മുക്കു കാണിച്ചു തരുന്നുവെന്നും, ഓരോ സാഹിത്യകാരനും നുണ പറഞ്ഞു ഫലിപ്പിക്കണമെന്നും നേരെന്നു തോന്നുന്ന തരത്തില്‍ നുണ പറയലാണു സാഹിത്യകാരന്‍ ചെയ്യുന്നതെന്നും ബന്യാമിന്‍ . ലോകക്ലാസ്സിക്കുകള്‍ വരെ വായിച്ച വായനക്കരന്റെ മുന്നിലേക്കാണു നമ്മുടെ സൃഷ്ടിയുമായി പോകേണ്ടതെന്ന ചിന്ത എഴുത്തുകാരനുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു പ്രിപ്പറേഷനുമില്ലാതെ എഴുതിയതാണ് ദൂത് എന്ന കഥയെന്നും തന്റെ കഥകളിലെ ഏറ്റവും നല്ല കഥ ഇതാണെന്നും സേതു പറഞ്ഞു. എഴുതി കഴിഞ്ഞു നോക്കുമ്പോള്‍ ഇതു താനാണോ എഴുതിയതെന്നു തോന്നുന്നുവെങ്കില്‍ അതു ഏറ്റവും നല്ല കഥയാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എഴുത്തുകാര്‍ പേടിയോടെയാണു സംസാരിക്കുന്നതെന്നും അവര്‍ വല്ലാതെ ചുരുങ്ങിപ്പോവുന്നുവെന്നും നേരത്തെ ഇങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


അവലോകനം
തിരിഞ്ഞു നോക്കുമ്പോള്‍ നല്ല മൂന്നു ദിവസങ്ങളായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്‌. എങ്കിലും കൂടുതല്‍ പ്രയോജനപ്പെടുത്താമായിരുന്നുവെന്നു തോന്നി. ക്യാമ്പംഗങ്ങളെ നാലു ഗ്രൂപ്പായി തിരിച്ച് പെരുമ്പടവം, ബാലചന്ദ്രന്‍ വടക്കേടത്ത്, സേതു, കെ.ആര്‍ .മീരാ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പരിചയമാവുന്ന തരത്തില്‍ ഒരു ഇന്ററാക്ഷനു അവസരം ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു. അതുപോലെ ക്യാമ്പംഗങ്ങളുടെ രചനകള്‍ ആദ്യദിവസം തന്നെ ശേഖരിച്ച് വിലയിരുത്തലിനു കൂടുതല്‍ സമയം കൊടുക്കേണ്ടിയിരുന്നു.

ഏറ്റവും നന്നായി തോന്നിയതു കഴിഞ്ഞ ഒരു വര്‍ഷം വായിച്ച പുസ്തകങ്ങളെ കുറിച്ച് ക്യാമ്പംഗങ്ങള്‍ നടത്തിയ നിരീക്ഷണമായിരുന്നു. അവര്‍ വായിച്ച നല്ല പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്കായി നിര്‍ദ്ദേശികുകയുമുണ്ടായി.

ഭ്രമം


ഉച്ചസ്ഥായിയാം സൂര്യനു കീഴെ
തന്‍ നിഴല്‍ തേടിയലയും
ഭ്രാന്തനെ കണ്ടു ഞാന്‍
ഭ്രാന്തൊരു പകര്‍ച്ചവ്യാധിയെന്നു
പുലമ്പും ഭ്രാന്തനെ കണ്ടു ഞാന്‍

വിശപ്പിന്നൊരു നേരമാഹാരമുണ്ടാകില്‍
വിശപ്പിനിടവേള ഓണമാക്കുമെന്‍
നേരിനെ ഭ്രാന്തെന്നു ചൊല്ലുമെന്‍ സോദരാ......
നിര്‍ത്തുമോ നിന്നാര്‍ത്തി
യെന്നാര്‍ത്തു വിളിക്കും
ഭ്രാന്തനെ കണ്ടു ഞാന്‍

കണ്ടു ഞാനെന്‍ നിഴലിനെ പിന്നിലായ്
കണ്ടു ഞാന്‍ പടിഞ്ഞാറു സൂര്യനേയും
അറിയുന്നു ഞാനെന്നിലെ ഭ്രാന്തിനെ
അറിയില്ലൊരിക്കലും നീ
നിന്നിലെ ഭ്രാന്തനെ
പോകട്ടെ ഞാന്‍ നാളത്തെ ഉച്ചക്കായ്
കാണട്ടെ ഞാനെന്നിലെ ഭ്രാന്തനെ
അറിയട്ടെ ഞാനെന്നിലെ ഭ്രാന്തിനെ
കാത്തിരിക്കട്ടെ ഞാന്‍ നാളത്തെ ഭ്രാന്തിനായ്
പുലമ്പുന്നു മറയുന്നു ഭ്രാന്തന്‍ .........
പുലമ്പുന്നു മറയുന്നു ഭ്രാന്തന്‍ .........