Friday, July 27, 2012

ഞാന്‍ കണ്ട ചില സിനിമകള്‍

 

ബംഗ്ലൂര്‍ ഡേയ്സ്

"ബംഗ്ലൂര്‍ ഡേയ്സ്" കണ്ടിരിക്കാവുന്ന ഒരു സിനിമ. ദുല്‍ക്കറിന്റെ അജു എന്ന കഥാപാത്രം കൊള്ളാം. എഫ് എം ജോക്കിയായ സൈറയോട് അജു പറയുന്ന "എനിക്ക് തന്റെ പിന്നാലെ നടക്കാനല്ല; ഒപ്പം നടക്കാനാ ഇഷ്ടം" എന്ന ഡയലോഗ് മനസ്സില്‍ തങ്ങി. ഫഹദ് ഫാസിലിന്റെ ദാസ്, നിവിന്‍ പോളിയുടെ കുട്ടന്‍ എന്നിവരും നന്നായി.

ഹൌ ഓള്‍ഡ്‌ ആര്‍ യു
ഒത്തിരി കേട്ടെങ്കിലും ഇപ്പോഴേ "ഹൌ ഓള്‍ഡ്‌ ആര്‍ യു" കാണാന്‍ കഴിഞ്ഞുള്ളു. DVD യാണ് കണ്ടത്. കോളേജ് കാലത്തെ കിടിലന്‍ പെണ്ണ് വിവാഹം കഴിയുമ്പോഴേക്കും ഇങ്ങനെ മാറി പോവുമോ? അച്ഛന്‍ മരിച്ച ഒഴിവില്‍ ജോലി കിട്ടിയപ്പോള്‍ പഴയ സാമൂഹ്യ പ്രതിബദ്ധത ഇല്ലാതാവുമോ? വീണ്ടും പഴയ നിരുപമ കൃഷ്ണന്‍ ആവാന്‍ ആ കൂട്ടുകാരി വന്നില്ലായിരുന്നെങ്കില്‍? കഥയില്‍ ചോദ്യമില്ല. ഒറ്റപ്പെടലിന്റെ വേദന നമ്മെ ഓര്മ്മി പ്പിച്ച് മാധവിയമ്മ (സേതുലക്ഷ്മി) മനസ്സില്‍ ഒരു നീറ്റലായി. തിരക്കഥയുടെ മെച്ചവും റോഷന്‍ ആന്ട്രൂസിന്റെ സംവിധാനമികവും എടുത്തു പറയണം. കാണാന്‍ ആഗ്രഹിച്ച മന്ജു്വാര്യരെ എങ്ങും കണ്ടില്ല. അത് ഒഴിച്ച് നിര്‍ത്തിയാല്‍ കണ്ടിരിക്കാവുന്ന നല്ലൊരു(?) കുടുംബ സിനിമ.

വിക്രമാദിത്യന്‍

'വിക്രമാദിത്യന്‍' കണ്ടു. ഒരു അടിച്ചുപൊളി പടം. അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തും. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ മികച്ച തിരക്കഥയും ലാല്‍ജോസിന്റെ മികച്ച സംവിധാനവും കൂടിയായപ്പോള്‍ കുട്ടിക്കാലം മുതലുള്ള കുസൃതിയും പിണക്കവും കള്ളനും പോലീസും കളിയും മികച്ചൊരു സിനിമയായി. ദുല് ക്കറും ഉണ്ണിമുകുന്ദനും ലെനയും നന്നായി. ചെറിയ വേഷമായിരുന്നെങ്കിലും നിവിന്‍ പോളിയും ശ്രദ്ധിക്കപ്പെട്ടു. എണ്പതുകള്‍ മുതലുള്ള 'നായികയെ തള്ളി നായകന് കൊടുക്കുന്ന' സ്ഥിരം കോമഡി വേണ്ടായിരുന്നു.

  ഓം ശാന്തി ഓശാന

ഓം ശാന്തി ഓശാനകണ്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുഷിയില്ല. തിരക്കഥയുടെ മികവ് കൊണ്ട് രസകരമായ പടം. അവളിലൂടെ കഥ പറഞ്ഞ് പോകുന്ന ശൈലി. എന്റെ സ്വന്തം ജനകിക്കുട്ടിയും ഒക്കെ ഈ രീതിയില്‍ ആയിരുന്നെന്നു തോന്നുന്നു. നായകനെ പ്രേമിക്കാന്‍ അവന്റെ സഹപാഠി ആയിരുന്ന, ഇന്ന്‍ ശത്രുവായ ബന്ധുവിനെ കൂട്ടി അവനെ വളക്കാന്‍ ഇറങ്ങുന്ന ഒരു പെണ്ണിന്റെ കഥ. അവളുടെ നിഷ്കളങ്കത നമ്മെ രസിപ്പിക്കുന്നു. നസ്രിയയുടെ മികച്ച കഥാപാത്രം. ദഹിക്കാതെ പോകുന്നത് സാമൂഹ്യപ്രവര്‍ത്തകനായ, കമ്മ്യൂണിസ്റ്റ്‌ ആയ നായകനെ കൊണ്ട് അമ്പലത്തില്‍ വിളക്ക് വെപ്പിക്കുന്നതും തോഴീക്കുന്നതും ആണ്. അച്ഛ്നും ആരുമറിയാതെ വന്നു തൊഴുമായിരുന്നുവെന്നു ഒരു ന്യായീകരണവും. ചിലരുടെ കൈയ്യടി വാങ്ങാനുള്ള ഗിമിക്കായെ അത് തോന്നിയുള്ളൂ.... എന്തായാലും മിഥുന്‍ മാനുവല്‍ തോമസിന്റെ രചന ജൂഡ് ആന്റണി ജോസഫിന് പാളിയില്ല. ഒത്തിരി കാലം കൂടി മുഷിയാതെ കണ്ടിരുന്ന പടം.

ദൃശ്യം

കണ്ടു, അനിതരസാധാരണമായ ദൃശ്യം. രണ്ടാം പകുതി ത്രസിപ്പിക്കുന്ന ദൃശ്യം

ഓര്‍ഡിനറി

13-07-2012: ഇന്നലെയാണ് "ഓര്‍ഡിനറി" എന്ന സിനിമ കാണാന്‍ കഴിഞ്ഞത്. സുഗീത് എന്ന പുതുമുഖ സംവിധായകന്റെ കന്നി സംരംഭം എന്ന നിലയില്‍ ഭേദപ്പെട്ട ചിത്രമാണ്. വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു നല്ല ബിജുമേനോന്‍ ചിത്രം. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു സാധാരണ കണ്ടക്ട്രറിന്റെ മാനറിസങ്ങളിലേക്ക് എത്തുന്നില്ല. എങ്കിലും ഭേദപ്പെട്ട അഭിനയം എന്നു പറയാം. ക്ലൈമാക്സില്‍ പുതുമ തേടിയിരുന്നെങ്കില്‍ പക്ഷേ പടം പേരു പോലെ ഓര്‍ഡിനറി ആവുമായിരുന്നില്ല.
"സുകുവേട്ടന്‍ ഒരു കല്യാണമൊക്കെ കഴിക്കണം. ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ” എന്നത് കൈയ്യടി നേടിയ ഡയലോഗ്.

വീണ്ടും കണ്ണൂര്‍

20-07-2012: രാത്രി മെനക്കെട്ടിരുന്നൊരു പടം കണ്ടു, വീണ്ടും കണ്ണൂര്‍ . ആദ്യം തന്നെ പറയട്ടെ ടിക്കറ്റെടുത്ത് തീയേറ്ററില്‍ പോകാഞ്ഞതു എത്രയോ നന്നായി. നായകനായ അനൂപ് മേനോനു പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല, ബോറന്‍ മൈതാനപ്രസംഗങ്ങള്‍ അല്ലാതെ. നായക കഥാപാത്രം തരുന്ന സന്ദേശമോ, മലയാളികള്‍ തമിഴ് നാട് രാഷ്ട്രീയം കണ്ടു പഠിക്കണമെന്നാണ്. അവിടെ നിന്ന് മലയാളികള്‍ കേരളത്തിലേക്ക് പകര്‍ത്തേണ്ടത് എന്താണാവോ? താര രാഷ്ട്രീയവും താരദൈവസൃഷ്ടിയുമോ? അതോ സാഷ്ടാംഗ പ്രണാമവും ആത്മാഹൂതിയുമോ? ഭീഷണിപ്പെടുത്തി അവരു കാര്യം സാധിക്കും പോലും. കേരളവും ഭീഷണിയുടെ സ്വരം സ്വീകരിക്കണമെന്നാണോ? ഹോ എന്തൊരു സന്ദേശം. കമ്യൂണിസ്റ്റ് വിരുദ്ധരുടെ കൈയ്യടി വാങ്ങാനുമുണ്ട് മുട്ടന്‍ ഡയലോഗുകള്‍ .“വികസനത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ , ട്രാക്ടറിനേയും കമ്പ്യൂട്ടറിനേയും എതിര്‍ത്തവര്‍ " അങ്ങനെ പോകുന്നു. കമ്യൂണിസ്റ്റുകാര്‍ എങ്ങനെ നന്നാവണമെന്നും ഹരിദാസും (സംവിധായകന്‍ ) റോബിന്‍ തിരുമലയും (കഥ, തിരക്കഥ, സംഭാഷണം) പറഞ്ഞു തരുന്നുണ്ട്. അവ ഇങ്ങനെ – പ്രായോഗിക കമ്യൂണിസം വരണം. പ്രായം ചെന്ന നേതാക്കള്‍ യുവാക്കള്ക്ക് വഴി മാറണം( ഇത് 80 കളിലെ യൂത്തന്മാരുടെ മുദ്യാവാക്യം അല്ലായിരുന്നോ?) ഇപ്പോ പ്രായം ചെന്നവര്‍ യുവാക്കള്ക്ക് കുറുകെ കിടക്കുകയല്ലെ..!വിപ്ലവം വരുന്നത് ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയുമാണ്. അതിനെ തടയരുത് പോലും. ചുരുക്കി പറഞ്ഞാല്‍ സിപി എം അടിമുടി മാറണം പോലും.... എന്നാല്‍ എന്തിനെന്നോ എങ്ങിനെയെന്നോ പറയാന്‍ ഇവര്‍ക്കൊട്ടാവുന്നുമില്ല. ഇത് ഞങ്ങളാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളെന്നും പറഞ്ഞ് ചാനല്‍ തിണ്ണ നിരങ്ങുന്നവരുടെ മറ്റൊരു മുഖം. അത്ര തന്നെ. സിപി എം ഉം കണ്ണൂരും തന്നെ ഇവരുടേയും പ്രശ്നം. അത് എന്തിനെന്ന തിരിച്ചറിവ് കാണികള്ക്കുമുണ്ടാവുന്നു...!

നയന്‍ വണ്‍ സിക്സ്

ഇന്നലെ നയന്‍ വണ് സിക്സ് കണ്ടു. കണ്ടിരിക്കാവുന്ന ഒരു കുടുംബചിത്രമെന്ന് പറയാം. ഒന്ന് കൂടി കടുപ്പിച്ചു പറഞ്ഞാല്‍ എണ്‍പതുകളില്‍ ഇറങ്ങേണ്ടിയിരുന്ന സിനിമ. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരുടെ ഡോക്ടര്‍ ഹരി (അനൂപ്‌ മേനോന്‍) ഗാന്ധിജിയെയും മദര്‍ തെരേസയും റോള്‍ മോഡല്‍ ആക്കി ജീവിക്കുന്നു. എടുത്തു പറയാവുന്ന അഭിനയം മാളവിക മേനോന്റെത് (ഹരിയുടെ മകള്‍ മീര) ആണ്. അതേ പ്രായമുള്ള പെണ്‍കുട്ടിയുടെ അച്ഛന്മാര്‍ക്ക് ഇഷ്ടപ്പെടും. ന്യൂജനറേഷന്‍ എന്നൊക്കെ പറഞ്ഞ് വരച്ചാല്‍ , വരക്ക് പുറത്തു തന്നെ പടം. ആരെയോ അനുകരിക്കുന്ന അനൂപിനെ ഇതിലും കാണാം

കര്‍മ്മയോദ്ധാ

ഇന്ന് മേജര്‍ രവിയുടെ "കര്‍മ്മയോദ്ധാ" കണ്ടു. കാണ്ടഹാറിന്റെ സംവിധായകന്റെ സിനിമ എന്ന നിലക്ക് വലിയ പ്രതീക്ഷ പുലര്‍ത്താതിരുന്നതിനാല്‍ വലിയ ഇച്ഛഭംഗമൊന്നും തോന്നിയില്ല. കാലികപ്രസക്തിയുള്ള വിഷയമെന്ന നിലയില്‍ സിനിമയുടെ തീം ശ്രദ്ധേയമാണ്. ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യചുറ്റുപാടിനെ പണമാക്കിമാറ്റാനുള്ള ആത്യാഗ്രഹമല്ലാതെ, അത്തരം സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന ഒരു നല്ല പരിഹാരം നിര്‍ദ്ദേശിക്കാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞില്ല. അതൊരു വലിയ പോരായ്മയുമാണ്. ആ‍ദ്യവസാനം ഒരു ലാല്‍ ചിത്രം. ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നതിനാല്‍ ഒരുപക്ഷേ പടം കളക്റ്റ് ചെയ്തിട്ടുണ്ടാവും. പക്ഷേ പടം മലയാളത്തിലാണ് എന്നതും കത്തിമുനയിലും വെടിയുണ്ടയിലും അല്ല ഇവിടെ നീതിനിര്‍വ്വഹണമെന്നതും സംവിധായകന്‍ മറന്നു പോയി. ഇടക്കിടെ ഇത് ബോംബെയല്ല കേരളമാണെന്ന് പറയാന്‍ മറക്കുന്നുമില്ല. മൊത്തത്തില്‍ പറഞ്ഞാല്‍ യൂണിഫോമിട്ട ഒരു പോലീസ് ഗുണ്ടയെ വെള്ള പൂശാനുള്ള ശ്രമം മാത്രം. ഇതാണ് മൊത്തം പോലീസിന്റെ സ്വഭാവമെങ്കില്‍ എന്താവും നമ്മുടെ ഇന്ത്യയുടെ അവസ്ഥ? എന്തിന് പിന്നെ നമ്മുക്ക് നിയമവും കോടതിയും?

ചേട്ടായീസ്


വലിയ ഒച്ചപ്പാടുകളൊന്നും കേള്‍പ്പിക്കാതെ വന്ന്‍ വല്ലാതെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ.
ജോണ്‍ പള്ളന്‍ എന്ന വക്കീലും, സംഗീത സംവിധായകന്‍ കൃഷ്ണകുമാര്‍ എന്ന കിച്ചുവും, സിനിമ-സീരിയല്‍ നടന്‍ രൂപേഷ് കൃഷ്ണയും, പാചക വിദഗ്ദ്ധന്‍ ബാവയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാബുവും കൊച്ചി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ വേണ്ടി തലേന്ന് തന്നെ ഒത്തുചേരുകയും അവിടേക്ക് കിച്ചുവിന്റെ ഭാര്യ മെര്‍ലിന്‍ (മിയ, നായിക) വന്നുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഡിസംബര്‍ 31 ന് പകലും രാത്രിയും അടക്കം കുറച്ച്‌ മണിക്കൂറുകളില്‍ ഈ അഞ്ചു പേരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമ. അഞ്ചു സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ ഉണ്ടാവുന്ന വെറും സൗഹൃദം മാത്രം ചര്‍ച്ച ചെയത് പോകുന്ന സിനിമ മെര്‍ലിന്റെ രംഗപ്രവേശത്തോടെ സീരിയസ് ആവുന്നു. അമിതമായ സ്നേഹവും ഒപ്പം മദ്യപാനവും കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ വളരെ തന്മയത്വത്തോടെ ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഒന്നും തന്നെ പറയാതെ, വലിയ ഒച്ചപ്പാടുകളൊന്നും കൂടാതെ പോയിട്ടും ഫസ്റ്റ് ഹാഫ് നമ്മെ ഒട്ടും തന്നെ ബോര്‍ അടുപ്പിക്കുന്നില്ല. നല്ല ടെമ്പോയോടെ തന്നെ Second Half അവസാനിപ്പിക്കുവാനും കഴിഞ്ഞു. ഒപ്പം നല്ലൊരു സന്ദേശവും. ഇവിടെയും മെര്‍ലിന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് വരുമ്പോള്‍ മറ്റൊരു ഭൂകമ്പം ബാക്കിയാക്കി സിനിമ അവസാനിപ്പിക്കുന്നു. ഷാജൂണ്‍ കാര്യാലിന്റെ സംവിധാനം above average. സച്ചി എഴുതിയ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. സിനിമ ന്യൂ ജനറേഷന്‍ ആക്കാനാവാം മെനക്കെട്ട് ആദ്യ അര മണിക്കൂറില്‍ നന്നായി തെറി കേറ്റിയിട്ടുണ്ട്, പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ.....!


പുള്ളിപ്പുലികളും  ആട്ടിന്‍‌കുട്ടിയും

 
ഒരു പാവം സിനിമ. മീശമാധവന്‍ മുതല്‍ ഇമ്മാനുവല്‍ വരെ ചെയ്ത ലാല്‍ ജോസ് എന്ന സംവിധായകനില്‍ നിന്നും ഇത്തിരി കൂടി മികച്ച സിനിമ പ്രതീക്ഷിച്ചിടത്താണ് നിരാശ ഉണ്ടായത്. ആദ്യ പകുതിയില്‍ കുഴപ്പമില്ലാതിരുന്ന തിരക്കഥ രണ്ടാം പകുതിയില്‍ അമ്പേ പരാജയമായി. ചക്കാട്ട് തറവാട്ടിലെ ചക്ക മണിയന്‍, ചക്ക സുകു, ചക്ക വിജയന്‍ എന്ന പുള്ളിപ്പുലികളും അവരുടെ അനിയനായ ചക്ക ഗോപനെന്ന ആട്ടിന്‍ കുട്ടിയും. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടന്മാര്‍ തന്നെ... സാങ്കേതികമായി ചിത്രം മികച്ചതായപ്പോള്‍ തന്നെ എങ്ങും ഒരു ലാല്ജോസ് ടച്ച്‌ കാണാനായില്ല.

ഷട്ടര്‍

 വളരെ കാലിക പ്രസക്തിയുള്ള ഒരു സബ്ജക്റ്റ്. രണ്ടര മണിക്കൂര്‍ മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു സിനിമ. ഫോണ്‍ അറ്റെന്റ് ചെയ്യുന്നത് ആരെന്നറിയാതെ കാര്യങ്ങള്‍ പറയുന്നത്, അങ്ങനെ സംഭവിക്കില്ലെന്ന് മിക്കവര്‍ക്കും അറിയാമെങ്കിലും, ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും അതിലൂടെ സിനിമയെ മുന്നോട്ട് നീക്കുവാന്‍ തിരക്കഥക്കായി... മികച്ച കഥ, മികച്ച തിരക്കഥ അതില്‍ ജോയ് മാത്യു വിജയിച്ചു. നല്ലൊരു സന്ദേശം നല്കുവാനും സിനിമക്ക് കഴിഞ്ഞു. എല്ലാ കുടിയന്മാര്‍ക്കും ഒരു പാഠവും.